മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് റദ്ദാക്കിയതിലും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആറു മണിക്കൂർ വൈകിയതിനെയും തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒന്പതിന് ദുബായിലേക്കുള്ള സർവീസായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആറു മണിക്കൂറും വൈകി. ഇന്നലെ 7.05ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്.
മസ്കറ്റിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് കണ്ണൂർ-ദുബായ് സർവീസ് റദ്ദാക്കേണ്ടി വന്നത്. യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യാനും അടുത്ത ദിവസങ്ങളിലേക്കുമുളള യാത്രാ സൗകര്യം ഒരുക്കിയാണ് വിമാന കമ്പനി പരിഹാരം കണ്ടത്.
അബുദാബിയിൽനിന്ന് ഞായറാഴ്ച രാത്രി എത്തേണ്ട വിമാനം വൈകിയതിനെത്തുടർന്നാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ് വൈകിയത്. ഈ വിമാനം ഇന്നലെ ഉച്ചയ്ക്ക് 12നാണ് എത്തിയത്. തുടർന്ന് 12.55ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് നടത്തി.
തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കാർ പുലർച്ചെ മുതൽവിമാനത്താവളത്തിലെത്തിയിരുന്നു. ബോർഡിംഗ് കഴിഞ്ഞ ശേഷമാണ് സർവീസ് വൈകുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. തിരുവനന്തപുരം സർവീസ് 9.30ന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചുവെങ്കിലും പിന്നീട് ഉച്ചയാകുമെന്ന് അറിയിപ്പുണ്ടായി.
ഓഫീസ് സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടവരും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും യാത്രക്കാരിൽ ഉണ്ടായിരുന്നു. 250ഓളം യാത്രക്കാരാണ് ഇരുവിമാനത്തിലും യാത്ര ചെയ്യേണ്ടിയിരുന്നത്. മുൻകൂട്ടി വിവരമറിയിച്ചില്ലെന്ന് ആരോപിച്ചാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എന്നാൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലും മെയിലിലും അറിയിപ്പ് നൽകിയെന്നാണ് എയർലൈൻ അധികൃതർ പറയുന്നത്. യാത്രക്കാരെ പിന്നീട് എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റി.